കുവൈത്ത് സിറ്റി: രാജ്യത്ത് കുവൈത്തിവത്കരണം നടപ്പാക്കുന്നതിന്റെ ഭാ​ഗമായി റീപ്ലേസ്മെന്റ് നയം നടപ്പാക്കുന്നുണ്ടെങ്കിലും മെഡിക്കൽ ജോലികളിൽ, പ്രത്യേകിച്ച് ഡോക്ടർമാരുടെ കാര്യത്തിൽ ഇതിന് വർഷങ്ങൾ വേണ്ടി വന്നേക്കാമെന്ന് വിലയിരുത്തൽ. വിദേശത്ത് നിന്നുള്ള ഡോക്ടർമാരുടെ റിക്രൂട്ട്‌മെന്റ് കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാ​ഗമായി ആരോഗ്യ മന്ത്രാലയം നിരവധി നടപടികൾ അംഗീകരിച്ചിട്ടുണ്ട്. കുവൈത്ത് ബോർഡിന്റെ വിവിധ സ്പെഷ്യാലിറ്റികളിൽ സ്വീകരിച്ച ഡോക്ടർമാരുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് 50 ശതമാനത്തിലധികം വർധിക്കുകയും ചെയ്തു. പൊതുമേഖലയിൽ ഏകദേശം 6,000 കുവൈത്തികളല്ലാത്ത ഡോക്ടർമാർ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ. എന്നാൽ, നാലായിരത്തോളം കുവൈത്തികൾ മാത്രമാണ് മേഖലയിലുള്ളത്. പക്ഷേ, സ്വകാര്യ മേഖലയിലേക്ക് വരുമ്പോൾ ഈ കണക്കുകളിൽ വലിയ മാറ്റമാണ് വരുന്നത്. കുവൈത്തികളല്ലാത്ത 3500ൽ അധികം ഡോക്ടർമാരാണ് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നത്. എന്നാൽ, കുവൈത്തികളുടെ എണ്ണം 500ഓളം മാത്രമാണ്. വിദേശത്ത് നിന്നുള്ള ഡോക്ടർമാരുടെ ആവശ്യം വളരെക്കാലമായി തുടരുകയാണെന്നും ആരോഗ്യ സേവനത്തിന്റെ വിപുലീകരണവുമായി താരതമ്യപ്പെടുത്തുമ്പോൾ കുവൈത്തി ബിരുദധാരികളുടെ പരിമിതമായ എണ്ണമാണ് ഇതിന് കാരണമെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നു.