താമസ നിയമലംഘനം: കുവൈത്തിൽ കഴിഞ്ഞയാഴ്ച പിടിയിലായത് 90 പ്രവാസികൾ
കുവൈത്ത് സിറ്റി: താമസ നിയമലംഘകരെ പിടികൂടുന്നതിനായുള്ള പരിശോധന തുടരുന്നു. വിവിധ ഇടങ്ങളിലായി കഴിഞ്ഞയാഴ്ച പരിശോധനയിൽ 90 പ്രവാസികൾ നജ്ദ പൊലീസ് ജനറൽ ഡയറക്ടറേറ്റ് പിടിയിലായി.എല്ലാ ഗവർണറേറ്റുകളിലും നടത്തിയ തുടർച്ചയായ സുരക്ഷ, ട്രാഫിക് കാമ്പയിനിനിടെയാണ് അറസ്റ്റ് നടന്നതെന്ന് അൽ അൻബാ പത്രം റിപ്പോർട്ട് ചെയ്തു. പിടിയിലായവരിൽ ഒമ്പത് പേർ മയക്കുമരുന്നിന് അടിമകളും മയക്കുമരുന്ന് കൈവശം വെച്ചവരുമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. താമസ നിയമം ലംഘിച്ച 30 പ്രവാസികളെ അറസ്റ്റ് ചെയ്ത് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി. സാധുതയുള്ള ഐ.ഡികൾ കൈവശം വക്കാത്തതിന് 51 അറബ്, ഏഷ്യൻ പ്രവാസികളെയും കസ്റ്റഡിയിലെടുത്തു.രാജ്യത്ത് അനധികൃത താമസക്കാരായ 1,30,000 പ്രവാസികൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇവരെ കണ്ടെത്തി നാടുകടത്താനുള്ള നടപടികളുമായി അധികൃതർ മുന്നോട്ടുപോകുകയാണ്. തൊഴിൽ, താമസ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ പരിശോധന തുടർന്നുവരുകയാണ്. അനധികൃത താമസക്കാരിൽ നല്ലൊരു ഭാഗവും വ്യാജ കമ്പനികളുടെ സ്പോൺസർഷിപ്പിലാണ്. ഇവരെ പിടികൂടി നാടുകടത്തും. ഇത്തരക്കാർ വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുവാനായി യാത്രാവിലക്കും ഏർപ്പെടുത്തുമെന്നാണ് സൂചന. നേരത്തേ നിരവധി തവണ പൊതുമാപ്പ് ഉൾപ്പെടെ അവസരങ്ങൾ നൽകിയിട്ടും ഇവരിൽ ഭൂരിപക്ഷം പേരും പ്രയോജനപ്പെടുത്തിയിരുന്നില്ല. നിയമ ലംഘകരിൽ ഭൂരിപക്ഷവും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അനധികൃത താമസക്കാരിൽ നല്ലൊരു ശതമാനവും ഗാർഹിക തൊഴിലാളികളാണ്. നിയമ ലംഘനങ്ങൾക്കെതിരെ നിലവിൽ നടക്കുന്ന സുരക്ഷ പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)