മുംബൈ: ഇൻഡിഗോ വിമാനത്തിനുള്ളിൽ എയർഹോസ്റ്റസിനു നേർക്ക് ലൈംഗികാതിക്രമം indigo website for flight booking. സംഭവത്തിൽ 63-കാരനായ യാത്രക്കാരൻ അറസ്റ്റിൽ. സ്വീഡിഷ് പൗരനായ കെ. എറിക് ഹരാൾഡ് ജോനാസ് വെസ്റ്റ്ബർഗിനെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ബാങ്കോക്കിൽനിന്ന് മുംബൈയിലേക്ക് വന്ന വിമാനത്തിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഇൻഡിഗോയുടെ പരാതിയിലാണ് പൊലീസ് ഇയാൾക്കെതിരെ നടപടിയെടുത്തത്. ഇയാൾ മദ്യപിച്ച് ജീവനക്കാരിയെ മോശമായി സ്പർശിച്ചുവെന്ന് പരാതിയിൽ ഇൻഡിഗോ വ്യക്തമാക്കുന്നു. ഭക്ഷണം വിളമ്പുന്നതിനിടെയാണ് 24-കാരിയായ എയർ ഹോസ്റ്റസിനോട് പ്രതി മോശമായി പെരുമാറിയത്. ഭക്ഷണത്തിന്റെ ബിൽ അടയ്ക്കാൻ പി.ഒ.എസ്. മെഷീനുമായി എത്തിയപ്പോൾ, കാർഡ് സ്വൈപ് ചെയ്യാനെന്ന വ്യാജേന എയർഹോസ്റ്റസിന്റെ കയ്യിൽ അനുചിതമായ രീതിയിൽ പിടിക്കുകയായിരുന്നു. യുവതി ഇതിനെതിരേ പ്രതികരിച്ചു. എന്നാൽ, അപ്പോൾ പ്രതി സീറ്റിൽനിന്ന് എഴുന്നേൽക്കുകയും മറ്റ് യാത്രക്കാരുടെ മുന്നിൽവെച്ച് വീണ്ടും യുവതിയോട് അതിക്രമം കാണിക്കുകയുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം ഹെയർഹോസ്റ്റസ് പരാതിയിൽ പറയുന്നുണ്ട്. മദ്യലഹരിയിലായിരുന്ന ഇയാൾ സഹയാത്രക്കാരനെ ആക്രമിച്ചെന്നും വിമാനത്തിനുള്ളിൽ ബഹളം വച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. വിമാനം മുംബൈയിൽ എത്തിയതിന് പിന്നാലെ പോലീസ് വെസ്റ്റ്ബർഗിനെ അറസ്റ്റ് ചെയ്യുകയും അന്ധേരി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എട്ട് പേരാണ് ഇന്ത്യയിൽ വിമാനയാത്രക്കിടെയുള്ള മോശം പെരുമാറ്റത്തിന് അറസ്റ്റിലായത്.