കുവൈറ്റില്‍ വേനൽക്കാലത്ത് ആശങ്ക വേണ്ട;
വൈദ്യുതി ക്ഷാമം ഉണ്ടാവില്ലെന്ന് വൈദ്യുതി മന്ത്രാലയം
കുവൈത്ത് സിറ്റി: വേനൽക്കാലത്ത് വൈദ്യുതി ക്ഷാമം ഉണ്ടാവില്ലെന്നും ആശങ്ക വേണ്ടെന്നും വ്യക്തമാക്കി വൈദ്യുതി മന്ത്രാലയം. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. നിലവിൽ മന്ത്രാലയത്തിന്റെ ഉല്പാദന ശേഷി 18,000 മെഗാവാട്ടിൽ കൂടുതലാണ്. ഈ സാഹചര്യത്തിൽ വേനൽക്കാലത്തെ ഉപഭോഗം കൂടിയാലും സുരക്ഷിതമായ അളവിൽ വൈദ്യുതി ഉണ്ട്. പ്രതീക്ഷിക്കുന്ന പരമാവധി ഉപഭോഗം ഏകദേശം 17,000 മെഗാവാട്ടായിരിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
വൈദ്യുതിയുടെയും വെള്ളത്തിന്റെയും ആവശ്യകത വർധിച്ച് വരുന്ന സാഹചര്യത്തിൽ വരും വർഷങ്ങളെ മുന്നിൽ കണ്ട് ഊർജ ഉത്പാദനവും ജലശുദ്ധീകരണ പദ്ധതികളും നടപ്പിലാക്കാൻ മന്ത്രാലയം നിലവിൽ ശ്രമിക്കുകയാണ്. സമ്മർ ലോഡുകൾ പഠിക്കുന്നതിന്റെ ചുമതലയുള്ള പ്രത്യേക ഉപദേഷ്ടാവുമായി മന്ത്രാലയ ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ്ച ചർച്ച നടത്തിയിരുന്നു. അവർ വരുന്ന വർഷങ്ങളിലെ ആവശ്യങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഹ്രസ്വകാല, ദീർഘകാല ശുപാർശകൾ ഉൾപ്പെടെ കൂടിക്കാഴ്ചയിൽ ചർച്ചയായി.
Comments (0)