കുവൈത്തിൽ മദ്യ കുപ്പി കടത്താനുള്ള ശ്രമം തടഞ്ഞ് അധികൃതർ
കുവൈത്ത് സിറ്റി: നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച 23,000 കുപ്പി മദ്യം കസ്റ്റംസ് അധികൃതര്‍ പിടികൂടി. ശുവൈഖ് തുറമുഖത്താണ് വന്‍ മദ്യവേട്ട നടന്നത്. 15 ലക്ഷത്തിലധികം കുവൈത്തി ദിനാര്‍ വിലവരുന്നതാണ് പിടികൂടിയ മദ്യമെന്ന് കസ്റ്റംസ് അറിയിച്ചു. ഏഷ്യന്‍ രാജ്യത്തു നിന്ന് എത്തിയ രണ്ട് കണ്ടെയ്നറുകളിലായിരുന്നു മദ്യം ഒളിപ്പിച്ച് കൊണ്ടുവന്നത്. മറ്റ് സാധനങ്ങളെന്ന വ്യാജേന തുറമുഖത്ത് എത്തിച്ച കണ്ടെയ്‍നറുകള്‍ കസ്റ്റംസ് അധികൃതര്‍ തുറന്നു പരിശോധിക്കുകയായിരുന്നു. തുടർന്നാണ് 23,000 കുപ്പി മദ്യം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു വിവിധ ബ്രാന്‍ഡുകളുടെ മദ്യക്കുപ്പികളുണ്ടായിരുന്നത്. കള്ളക്കടത്തിന് ശ്രമിച്ചവരെ അറസ്റ്റ് ചെയ്‍തതായും കുവൈത്ത് കസ്റ്റംസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CpCA25v2C1QELOq7Zla98s
Comments (0)