ബേസ്മെന്റുകളിലെ അനധികൃത കയ്യേറ്റം;കുവൈറ്റിൽ സുരക്ഷാ പരിശോധന തുടരുന്നു;
കുവൈറ്റിൽ കെട്ടിടങ്ങളുടെ ബേസ്മെന്റുകൾ കേന്ദ്രീകരിച്ച് നടക്കുന്ന സുരക്ഷാ പരിശോധന ജിലീബ് അൽ ശുയൂഖ് പ്രദേശത്തും ശക്തമായി തുടരുന്നു. ഇവിടങ്ങളിൽ നടത്തിയ പരിശോധനയുടെ ഭാഗമായി ബേസ്മെന്റുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ആരാധന കർമ്മങ്ങൾ താൽക്കാലികമായി നിർത്തി വെക്കുന്നതായി സംഘാടകർ വിശ്വാസികൾക്ക് അറിയിപ്പ് നൽകി.
ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ മുനിസിപ്പാലിറ്റി, അഗ്നി ശമന സേന എന്നീ സർക്കാർ ഏജൻസികളുടെ നേതൃത്വത്തിലാണ് ബേസ്മെന്റുകൾ കേന്ദ്രീകരിച്ച് രാജ്യ വ്യാപകമായി പരിശോധന ആരംഭിച്ചത്.ഇതിന്റെ ഭാഗമായാണ് ജിലീബ് പ്രദേശത്തും പ്രത്യേക പരിശോധന സംഘത്തെ നിയോഗിച്ചത്. ഉന്നത സ്വാധീനത്തിന്റെ ബലത്തിൽ വർഷങ്ങളായി അനധികൃതമായി പ്രവർത്തിച്ചു വരുന്ന പല സ്ഥാപനങ്ങളും ഇത്തവണ അടച്ചു പൂട്ടിയതോടെയാണ് പലരും ഇതിന്റെ ഗൗരവം തിരിച്ചറിഞ്ഞത്. ഇതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആരാധനാലയങ്ങളിലെ ഫർണ്ണിച്ചർ ഉൾപ്പെടെയുള്ള വിലയേറിയ വസ്തുക്കൾ സംഘാടകർ ഇവിടെ നിന്ന് മറ്റു സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുവാൻ ആരംഭിക്കുകയും ചെയ്തിരുന്നു.എന്നാൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണു ആരാധന കർമ്മങ്ങൾ താൽക്കാലികമായി നിർത്തി വെക്കുന്നതായി സംഘാടകർ വിശ്വാസികൾക്ക് അറിയിപ്പ് നൽകിയത്.
വിവിധ മത സംഘടനകളുടെ നേതൃത്വത്തിൽ അബ്ബാസിയയിൽ മാത്രമായി 50 ൽ അധികം ആരാധനാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട് .രാജ്യത്ത് ഈയിടെ നടന്ന പ്രധാന തീപിടിത്തങ്ങളുടെ അടിസ്ഥാന കാരണം അഗ്നി ശമന സുരക്ഷാ മാന ദണ്ഠങ്ങൾ ലംഘിച്ചു കൊണ്ട് ബേസ്മെന്റുകൾ കേന്ദ്രീകരിച്ചുള്ള അനധികൃത പ്രവർത്തനങ്ങളാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രാജ്യ വ്യാപകമായി പരിശോധന ആരംഭിച്ചത്.ബേസ്മെന്റുകൾ കേന്ദ്രീകരിച്ചു രാജ്യ വ്യാപകമായി നടക്കുന്ന പരിശോധനയിൽ ഒരാഴ്ചക്കകം ഇത് വരെയായി 252 നിയമ ലംഘനങ്ങൾ കണ്ടെത്തി. ഇവയിൽ 50 ബേസ്മെന്റുകൾ അടച്ചു പൂട്ടുകയും 233 കേസുകളിൽ കെട്ടിട ഉടമകൾക്ക് സർക്കാരുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്നതിനു നിരോധനം ഏർപ്പെടുത്തുകയും ചെയ്തു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IarX27GtyhPCaaWkhYEW2M
Comments (0)