ഓൺലൈനിൽ ചിക്കൻ ഓർഡർ ചെയ്ത പ്രവാസി മലയാളിക്ക് നഷ്ടമായത് 45,500 രൂപ
ഷാർജ അൽഖാനിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പന്തളം സ്വദേശി ജോസ് ജോർജ് കഴിഞ്ഞദിവസം ഉച്ചഭക്ഷണത്തിനാണ് പ്രമുഖ ഭക്ഷ്യസ്ഥാപനത്തിന്റെ സൈറ്റിൽ ബുക്ക് ചെയ്തത്. ചിക്കൻ വിഭവം ഓർഡർ ചെയ്തപ്പോൾ ഒടിപി മെസേജ് വന്നു. ആ നമ്പർ അടിച്ചുകൊടുത്ത് അൽപം കഴിഞ്ഞപ്പോൾ വീണ്ടും ഒടിപിയെത്തിയെങ്കിലും സംശയം തോന്നി ഒഴിവാക്കി. പിന്നീട് ഓഫിസിനു സമീപമുള്ള സൂപ്പർ മാർക്കറ്റിൽ നിന്നു സാധനം വാങ്ങുന്നതിനിടെ 2 തവണയായി അക്കൗണ്ടിൽ നിന്നു പണം പിൻവലിച്ചെന്ന സന്ദേശം മൊബൈലിൽ എത്തി. ഉടൻ ബാങ്കിൽ വിളിച്ചുപറഞ്ഞപ്പോൾ അവരും സ്ഥിരീകരിച്ചു. പണം പിൻവലിച്ചതെന്ന സന്ദേശം വേറൊരു സ്ഥാപനത്തിന്റെ പേരിൽ വന്നതിനാൽ അവിടെ അന്വേഷിച്ചപ്പോൾ അങ്ങനെയൊരു ഇടപാട് നടന്നിട്ടില്ലെന്നു വ്യക്തമായി. പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്നപ്പോൾ, സമാനരീതിയിൽ തട്ടിപ്പിനിരയായ വേറെയും ആളുകളുണ്ടായിരുന്നതായി ഇദ്ദേഹം പറയുന്നു.
ഏതായാലും ഓൺലൈൻ വഴി 21 ദിർഹത്തിന്റെ (ഏകദേശം 455 രൂപ) ഭക്ഷണം ഓർഡർ ചെയ്ത ഇദ്ദേഹത്തിന് സൈബർ തട്ടിപ്പിൽ നഷ്ടമായത് 2,100 ദിർഹം (ഏകദേശം 45,500 രൂപ). 10 വർഷമായി യുഎഇയിൽ ജോലി ചെയ്യുന്ന തനിക്ക് ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്ന് ജോസ് ജോർജ് പറയുന്നു.
ഓൺലൈൻ ഷോപ്പിങ്, പഠനം, വിനോദങ്ങൾ, ബാങ്കിങ് തുടങ്ങിയ മേഖലകൾ സൈബർ തട്ടിപ്പുകാരിൽ നിന്നു വൻ ഭീഷണി നേരിടുന്നതായി യുഎഇ സൈബർ ക്രൈം വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
*യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക*
https://chat.whatsapp.com/GYAWb2aiCgd2jUZB09tboL
Comments (0)