
കുവൈറ്റിൽ ഏഴു വയസ്സുകാരൻ കൊല്ലപ്പെട്ട കേസിൽ കൊലയാളി കുട്ടിയുടെ മാതാവ്
കുവൈറ്റിൽ ഏഴു വയസ്സുകാരൻ കൊല്ലപ്പെട്ട കേസിൽ പ്രതി കുട്ടിയുടെ മാതാവ്. കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരങ്ങളേ തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവർ മകനെ കൊലപ്പെടുത്തി അഞ്ചു ദിവസത്തോളം വീടിനുള്ളിൽ മൃതദേഹം സൂക്ഷിച്ചത്. കൊലപാതകത്തിനുശേഷം കുട്ടിയുടെ മൃതദേഹം വീട്ടിലെ നായയുടെ ജഡമാണെന്ന് വിശ്വസിപ്പിച്ച് ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെ മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിക്കുകയായിരുന്നു. സംശയം തോന്നാതിരിക്കാൻ മൃതദേഹം ഭദ്രമായി പൊതിഞ്ഞാണ് ശുചീകരണ തൊഴിലാളികളെ ഏൽപ്പിച്ചത്. മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് നിലവിൽ ജയിലിൽ കഴിയുന്ന ഇവർ ജയിലിലേക്ക് പോകുന്നതിനു മുൻപുള്ള ദിവസങ്ങളിലാണ് കുറ്റകൃത്യം നടത്തിയത്. കൊല്ലപ്പെട്ട കുട്ടിയുടെ പിതാവും മയക്കുമരുന്ന് കേസിൽപെട്ട് ജയിലിൽ കഴിയുകയാണ്. പ്രതിയും മയക്കുമരുന്നിന് അടിമയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. മറ്റു മൂന്നു കുട്ടികളെ തെരുവിൽ ഉപേക്ഷിച്ച വിവരം പുറത്തുവന്നതോടെ ഫിന്താസ് പോലീസ് സ്റ്റേഷനിൽ കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട പ്രതി പരാതി നൽകുകയായിരുന്നു. സഹോദരനും കൊല്ലപ്പെട്ട വിവരം മറ്റു കുട്ടികൾക്ക് അറിയാമായിരുന്നുവെങ്കിലും മാതാവിനെ ഭയപ്പെട്ടിരുന്നതിനാലാണ് ഇവർ വിവരം പുറത്തു പറയാതിരുന്നത്. പോലീസ് നിരന്തരമായി ചോദ്യം ചെയ്തിട്ടും കൊലപാതകത്തിന് കാരണം പ്രതി വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞയാഴ്ചയാണ് അഹമ്മദി പ്രദേശത്ത് 3, 5, 6 വയസ്സുള്ള കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രദേശവാസിയായ സ്ത്രീയാണ് ഇവരെ പറ്റിയുള്ള വിവരം പോലീസിന് നൽകിയത്. അന്വേഷണത്തിൽ 19കാരനായ മൂത്ത സഹോദരനാണ് ഇവരെ ഉപേക്ഷിച്ചതെന്നും, ഒരു കുട്ടിയെ കാണാനില്ലെന്നും തെളിയുകയായിരുന്നു. തുടർന്ന് നടത്തി അന്വേഷണത്തിൽ മാതാവും മയക്കുമരുന്ന് കേസിൽപ്പെട്ട ജയിലിൽ കഴിയുകയാണെന്ന് കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട കുട്ടികളിൽ ഇളയ ആൾ ഭിന്നശേഷിക്കാരനായതിനാൽ കൂടുതൽ പരിചരണത്തിനായി അമ്മയുടെ അടുത്തേക്കും, മറ്റുള്ള കുട്ടികളെ സാമൂഹ്യ കാര്യ മന്ത്രാലയത്തിലെ വെൽഫെയർ വിഭാഗത്തിലേക്ക് കൈമാറുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മാതാവ് കുറ്റസമ്മതം നടത്തിയത്. അബ്ദുല്ല മുബാറക് പ്രദേശത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/I8FSZXu0P9mIeju4HGE4om
Comments (0)