ആശങ്ക ഉയർത്തി വീണ്ടും മാർബർഗ്;ബാധിക്കപ്പെടുന്ന പത്തിൽ 9 പേരും മരിക്കാം
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിലെ അശാന്റിയിൽ മാർബർഗ് വൈറസ് ബാധയെന്ന് സംശയിക്കുന്നതായി ലോകാരോഗ്യ സംഘടന.ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസുകളിലൊന്നായാണ് ശാസ്ത്രസമൂഹം മാർബർഗിനെ കണക്കാക്കുന്നത്.ബാധിക്കപ്പെടുന്ന പത്തിൽ 9 പേരും മരിക്കാം.
2 കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നത്.രോഗം സ്ഥിരീകരിച്ച 2 രോഗികളും മരിച്ചു.പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിലും കഴിഞ്ഞവർഷം മാർബർഗ് സ്ഥിരീകരിച്ചിരുന്നു. എബോള ഉൾപ്പെടുന്ന ഫിലോവൈറസ് ഗ്രൂപ്പിലാണ് മാർബർഗും. മാർവ്, റാവ് എന്നീ 2 വകഭേദങ്ങളുണ്ട്. ഫലപ്രദമായ വാക്സീനുകൾ നിലവിൽ ഇല്ല. രോഗിയുടെ സ്രവങ്ങൾ, മുറിവുകൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ എന്നിവയിലൂടെ പകരാം.
1967 ൽ പശ്ചിമ ജർമനിയിലെ മാർബർഗ് പട്ടണത്തിലാണ് വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്. വാക്സീൻ ലബോറട്ടറികളിൽ ജോലി ചെയ്തവരായിരുന്നു രോഗികൾ. ആഫ്രിക്കയിൽ നിന്നു കൊണ്ടുവന്ന കുരങ്ങുകളിൽ നിന്നാണ് വൈറസ് ഇവരിലേക്ക് പകർന്നത്. പിന്നീട് പത്തിലധികം തവണ വിവിധയിടങ്ങളിൽ വൈറസ് ബാധയുണ്ടായി.
∙ ലക്ഷണങ്ങൾകടുത്ത പനി, പേശീവേദന, ഛർദി, രക്തസ്രാവം, മസ്തിഷ്കജ്വരം, നാഡീവ്യവസ്ഥയുടെ സ്തംഭനം തുടങ്ങിയവ പ്രധാന ലക്ഷണങ്ങൾ. ആർടിപിസിആർ, എലീസ ടെസ്റ്റുകൾ രോഗ നിർണയത്തിന് ഉപയോഗിക്കുന്നു. കുട്ടികളിൽ വൈറസ് ബാധിക്കുന്നതിന്റെ തോത് കുറവാണ്.
Comments (0)