ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്ക് 8 കോടിയുടെ ഭാഗ്യം സമ്മാനം
പ്രവാസ ലോകത്തെ മലയാളികളുടെ ഭാഗ്യ നേട്ടങ്ങൾ തുടരുന്നു..ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനിയർ നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യം മലയാളിക്ക്. ഒമാനിലെ മസ്കത്തിൽ താമസിക്കുന്ന ജോൺ വർഗീസി(62)നാണ് 8 കോടിയോളം രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനമായി ലഭിച്ചത്. 392–ാം സീരീസ് നറുക്കെടുപ്പിൽ 0982 എന്ന ടിക്കറ്റാണു ഭാഗ്യം കൊണ്ടുവന്നത്.
കഴിഞ്ഞ 35 വർഷമായി പ്രവാസിയായ ജോൺ വർഗീസ് മസ്കത്തിലെ സ്വകാര്യ കമ്പനിയിൽ ജനറൽ മാനേജറാണ്. കഴിഞ്ഞ ആറ് വർഷമായി പതിവായി ടിക്കറ്റ് വാങ്ങിക്കുന്നു. മേയ് 29ന് ഒാൺലൈനിലൂടെയാണു സമ്മാനം നേടിയ ടിക്കറ്റ് വാങ്ങിയത്. പതിവായി ദുബായിലേക്കു വന്നുപോകാറുള്ള ഇദ്ദേഹം കോവിഡിനു മുൻപു ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ കൗണ്ടറിൽ നിന്നായിരുന്നു ടിക്കറ്റ് വാങ്ങിച്ചിരുന്നത്. സമ്മാനത്തുകയിൽ വലിയൊരു ഭാഗവും റിട്ടയേർഡ് ജീവിതത്തിലേക്കു മാറ്റിവയ്ക്കാനാണു തീരുമാനം. കൂടാതെ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കും. പ്രത്യേകിച്ച് നിരാലംബരായ സ്ത്രീകൾക്കും കുട്ടികൾക്കും സഹായം നൽകും. ഇതാദ്യമായാണു സമ്മാനം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇന്നു നടന്ന മറ്റു നറുക്കെടുപ്പുകളിൽ ബെംഗളൂരു സ്വദേശി തിമ്മയ്യ നഞ്ചപ്പ(40)ക്ക് ആഡംബര കാറും ഷെയ്ഖ്ആബിദ് ഹുസൈൻ അൻസാരി, ആമീൽ ഫോൻസെക എന്നിവർക്ക് ആഡംബര മോട്ടോർ ബൈക്കുകളും സമ്മാനം ലഭിച്ചു. 1999 ആരംഭം മുതൽ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്ന 192 –ാമത്തെ ഇന്ത്യക്കാരനാണു ജോൺ വർഗീസ്. ഇന്ത്യക്കാരാണ് ഏറ്റവും ടിക്കറ്റെടുക്കാറുള്ളതും. ഇതിനകം ഒട്ടേറെ മലയാളികളുടെ ജീവിതം മാറിമറിഞ്ഞിട്ടുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8
Comments (0)