Posted By editor1 Posted On

പ്രവാസികൾക്ക് തിരിച്ചടിയായി ഇന്ത്യയിൽ വിമാന ടിക്കറ്റ് നിരക്കിൽ വർദ്ധനവ്

ഇന്ത്യയിൽ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനുള്ള നീക്കം പ്രവാസികൾക്ക് തിരിച്ചടിയാവും. കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന പ്രവാസി ഇന്ത്യക്കാരെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന നീക്കമാണിത്. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളിലടക്കം 15 ശതമാനം വരെ ടിക്കറ്റ് നിരക്ക് വർധന നടപ്പാക്കാനാണ് നീക്കം.

ഇന്ധന നിരക്ക് വർധനയടക്കം വിമാന കമ്പനികളുടെ ചെലവ് വൻതോതിൽ കൂടിയതാണ് ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിനുള്ള കാരണമായി പറയുന്നത്. പത്ത് മുതൽ പതിനഞ്ച് ശതമാനം വരെ നിരക്ക് വർധിപ്പിക്കണമെന്ന് സ്‌പൈസ്‌ജെറ്റ് കമ്പനി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. മറ്റു വിമാന കമ്പനികൾക്കും സമാന നിലപാടാണുള്ളത്. ഇന്ധനവില വർധന മൂലം നിലനിൽക്കുവാൻ പറ്റാത്ത സാഹചര്യമുണ്ടന്നും ആനുപാതികമായി യാത്രക്കൂലി വർധിപ്പിക്കുകയല്ലാതെ വേറെ വഴികളില്ലെന്നും അല്ലെങ്കിൽ വിമാന ഇന്ധനത്തിന്റെ നികുതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി കുറയ്ക്കണമെന്നും കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. വിമാന ഇന്ധനത്തിന്റെ റെക്കോഡ് വില വർധനയും മുമ്പൊന്നും ഉണ്ടാകാത്തവിധം രൂപയുടെ മൂലം ഇടിയുന്നതുമാണ് വിമാന കമ്പനികളുടെ ചെലവ് വർധിക്കാൻ കാരണം.

കഴിഞ്ഞ രണ്ട് വർഷത്തെ കോവിഡ് പ്രതിസന്ധി മൂലം രാജ്യത്തെ മിക്ക വിമാന കമ്പനികളും പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ്. അതിൽനിന്ന് കരകയറുന്നതിനിടെയാണ് ഇന്ധന വിലവർധനയും രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതും ഇരുട്ടടിയായത്. റഷ്യയുടെ ഉക്രൈൻ അധിനിവേശവും ഇന്ധനവില വൻതോതിൽ വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. സീസൺ കാലമായ ജൂൺ, ജൂലൈ മാസങ്ങളിൽ പോലും വിമാന കമ്പനികൾ സർവീസുകൾ കൃത്യമായി നടത്താനാവാതെ പല വിമാന കമ്പനികളും ബുദ്ധിമുട്ടിലാണ്. അതുകൊണ്ടാണ് യാത്ര നിരക്ക് വർധന അനിവാര്യമാണെന്നും പത്ത് മുതൽ പതിനഞ്ച് ശതമാനം വരെയെങ്കിലും വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എയർലൈനുകൾ സർക്കാർ സഹായം തേടിയത്.

വിമാന ഇന്ധന വില കഴിഞ്ഞ ദിവസം 16.3 ശതമാനമാണ് എണ്ണ കമ്പനികൾ വർധിപ്പിച്ചത്. 2021 ജൂണിനു ശേഷം ഇതുവരെ ഇന്ധന വിലയിൽ 120 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. ഇനിയും വില കൂടിയാൽ വ്യോമയാന രംഗം വൻ പ്രതിസന്ധി നേരിടേണ്ടി വരും. വിമാന സർവീസുകളിൽ ലഭിക്കുന്ന വരുമാനത്തിൽ 40 ശതമാനത്തിൽ കൂടുതൽ ഇന്ധനത്തിന് ചെലവാക്കുവാൻ കഴിയില്ല. അതിൽ കൂടുതൽ ചെലവഴിക്കുന്നപക്ഷം സർവീസുകൾ നിറുത്തിവെയ്‌ക്കേണ്ടി വരുന്ന അവസ്ഥയുണ്ടാവും. നിലവിൽ പലപ്പോഴും വരുമാനത്തിന്റെ 55 ശതമാനം വരെ ഇന്ധത്തിന് ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നാണ് വിമാന കമ്പനികൾ പറയുന്നത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *