Posted By editor1 Posted On

കുത്തനെ ഉയർന്ന് വിമാന ടിക്കറ്റ് നിരക്ക്; ദുരിതത്തിലായി പ്രവാസികൾ

കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. കുവൈറ്റിൽ വേനലവധി വന്നതോടെയാണ് ടിക്കറ്റ് നിരക്കിൽ റെക്കോർഡ് വർധനയുണ്ടായത്. വളരെ കുറഞ്ഞ സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളതെങ്കിലും ടിക്കറ്റിന് മൂന്നും നാലും ഇരട്ടി രൂപ നൽകേണ്ട അവസ്ഥയാണ്. പ്രവാസികൾ ഏറ്റവും കൂടുതൽ ഉള്ള കേരളത്തിലേക്കാണ് ഏറ്റവും കൂടുതൽ നിരക്ക് ഈടാക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ്, ഗോഎയർ, ഇൻഡിഗോ തുടങ്ങിയ ഇന്ത്യൻ കമ്പനികളും കുവൈറ്റ് എയർവെയ്സ്, ജസീറ എയർലൈൻസ് ഉൾപ്പെടെയുള്ള ഗൾഫ് വിദേശ കമ്പനികളുടെ നിരക്കുകളും കുത്തനെ ഉയർന്നിട്ടുണ്ട്. മറ്റു രാജ്യങ്ങൾ വഴി മണിക്കൂറുകളെടുത്തു പോകുന്ന കണക്ഷൻ ഫ്ലൈറ്റുകൾക്കും നിരക്ക് വർദ്ധിച്ചിട്ടുണ്ട്.

മിക്ക വിമാനക്കമ്പനികളും 70-100 ദിനാറിനിടയിലാണ് ടിക്കറ്റ് നിരക്കുകൾ ഈടാക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ നാട്ടിലേക്ക് പോകാമെന്ന് കരുതിയ പ്രവാസികൾ ഇപ്പോൾ വീണ്ടും ദുരിതത്തിലായിരിക്കുകയാണ്. കോവിഡിന് മുൻപുണ്ടായിരുന്ന സർവീസുകൾ പുനരാരംഭിക്കാത്തതും, യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമ്പോൾ വിമാനകമ്പനികൾ നിരക്ക് വർധിപ്പിക്കുന്ന പതിവ് രീതിയുമാണ് ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക് കൂടാൻ കാരണമായി പറയുന്നത്. പത്തു ലക്ഷത്തോളം ഇന്ത്യക്കാർ താമസിക്കുന്ന കുവൈറ്റിൽ അതിന് ആനുപാതികമായി വിമാന സർവീസുകളും ആരംഭിക്കണമെന്ന് പല പ്രവാസി സംഘടനകളും വകുപ്പ് മന്ത്രിക്കും, അധികാരികൾക്കും നിവേദനം നൽകിയിട്ടുണ്ട്. മൂന്ന് വർഷത്തിലേറെയായി കോവിഡ് മൂലം നാട്ടിലേക്ക് പോകാൻ കഴിയാത്ത തുച്ഛമായ വരുമാനത്തിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് രണ്ടും മൂന്നും മാസശമ്പളം കൂട്ടിവെച്ചാലെ മടക്കയാത്രയ്ക്ക് ടിക്കറ്റ് എടുക്കാൻ സാധിക്കുകയുള്ളൂ എന്ന അവസ്ഥയാണിപ്പോൾ. വിമാന കമ്പനികൾ ഈടാക്കുന്ന ഈ ഭീമമായ തുകയ്ക്ക് സർക്കാരുകൾ പരിഹാരം കാണണമെന്ന ആവശ്യം ആണ് ഇപ്പോൾ പ്രവാസികൾ ഉയർത്തുന്നത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/F01ELZ6DHGILPoqh1fXNmd

Comments (0)

Leave a Reply

Your email address will not be published. Required fields are marked *