Posted By editor1 Posted On

ആഭിചാരക്രിയകൾ നടത്തി സ്പോൺസറുടെ പണം തട്ടാൻ ശ്രമിച്ച ഇന്ത്യക്കാരനായ ഡ്രൈവറും, മന്ത്രവാദിയും അറസ്റ്റിൽ

കുവൈറ്റിൽ ആഭിചാര ക്രിയകൾ നടത്തിയതിന് ഇന്ത്യക്കാരനായ വീട്ടു ഡ്രൈവറേയും ഇന്ത്യയിൽ നിന്ന് എത്തിയ മന്ത്രവാദിയേയും അറസ്റ്റ് ചെയ്തു. മന്ത്രവാദിയുടെ സഹായത്തോടെ ധനികനും വ്യവസായിയുമായ തന്റെ സ്പോൺസറുടെ പണം തട്ടാനുള്ള പ്രവർത്തനങ്ങൾ നടത്തിയതിനാണ് ഇന്ത്യക്കാരനായ രാജു എന്ന വീട്ടു ഡ്രൈവറെയും, മന്ത്രവാദിയെയും രഹസ്യാന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സ്പോൺസറുടെ സഹോദരങ്ങൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഡ്രൈവറായ രാജു മന്ത്രവാദിയുടെ സഹായത്തോടെ ആഭിചാര ക്രിയകൾ ചെയ്ത് തങ്ങളുടെ സഹോദരനെ വശീകരിച്ച് ഇവരുടെ നിയന്ത്രണത്തിലാക്കി പണം തട്ടാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നായിരുന്നു സഹോദരങ്ങളുടെ പരാതി. നൂറ്റി അമ്പത് ദിനാർ മാത്രം ശമ്പളമുള്ള ഡ്രൈവർ വിലകൂടിയ ആഡംബര വസ്തുക്കളാണ് ഉപയോഗിച്ചിരുന്നതെന്നും, ഈയടുത്ത് ഇയാൾ ഫസ്റ്റ്ക്ലാസ് ടിക്കറ്റിലാണ് നാട്ടിലേക്ക് യാത്ര ചെയ്തതെന്നും, ഡ്രൈവറുടെ ജീവിതരീതിയിലും പെരുമാറ്റത്തിലും സംശയം തോന്നിയതിനാലാണ് പരാതി നൽകിയതെന്നും സഹോദരങ്ങൾ പറഞ്ഞു. കൂടാതെ തങ്ങളുടെ സഹോദരന്റെ വീട്ടിലെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ഈ ഡ്രൈവർ ആണെന്നും ഇവർ പറഞ്ഞു. പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ രഹസ്യ അന്വേഷണത്തിൽ ഇയാൾ ഇടയ്ക്കിടെ ഒരു ആഡംബര ഫ്ലാറ്റ് സന്ദർശിക്കുന്നതായും, ഇവിടെ മറ്റൊരാളെ താമസിപ്പിച്ചിരിക്കുന്നതായും കണ്ടെത്തി. തുടർന്ന് ഡ്രൈവറെ ചോദ്യം ചെയ്തതിൽ നിന്ന് ആഡംബര ഫ്ലാറ്റിൽ താമസിക്കുന്നത് ഇന്ത്യയിൽനിന്ന് എത്തിച്ച പ്രമുഖ മന്ത്രവാദി ആണെന്നും, ഇയാളുടെ സഹായത്തോടെ ആഭിചാരക്രിയകൾ നടത്തി സ്പോൺസറുടെ വീട്ടുവളപ്പിൽ മന്ത്രിച്ച തകിട് നിക്ഷേപിച്ചതായും, നേരത്തെയും താൻ സ്പോൺസറുടെ കയ്യിൽ നിന്ന് ധാരാളം പണം തട്ടിയെടുത്തതായുമുള്ള വിവരങ്ങൾ ഡ്രൈവർ സമ്മതിച്ചത്. ഇതോടെ ഇരുവരെയും അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതൽ തെളിവെടുപ്പിനായി സ്പോൺസറെ അന്വേഷണ സംഘം സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോൾ തന്റെ ഡ്രൈവറെ കണ്ട് സ്പോൺസർ ബോധരഹിതനാവുകയും, ഇയാളെ വർഷങ്ങളായി തന്റെ മകനെപ്പോലെ സ്നേഹിക്കുകയാണെന്നും, ഡ്രൈവറെ വെറുതെ വിടണമെന്ന് ഉദ്യോഗസ്ഥർക്ക് മുൻപിൽ സ്പോൺസർ കേണപേക്ഷിക്കുകയുമായിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KyeGlpbpili1uwhl3oMe22

Comments (0)

Leave a Reply

Your email address will not be published. Required fields are marked *