കുവൈത്തിലെ മിന അൽ അഹമ്മദി റിഫൈനറി തീപിടിത്തം : മരണപ്പെട്ട ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു
കുവൈത്ത് : കുവൈത്തിലെ മിന അൽ അഹമ്മദി റിഫൈനറിയിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് ഇന്ത്യക്കാർ മരണപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ അഹമ്മദി റിഫൈനറിയിലെ ഗ്യാസ് ലിക്വിഫാക്ഷൻ ഫാക്ടറിയുടെ 32-ാം നമ്പർ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. തമിഴ്‌നാട് സ്വദേശി സിക്കന്തൂർ കസാലി മരൈകയാർ, ഒഡീസ സ്വദേശി ഹരി ചന്ദ്ര റെഡ്ഡി കോണ എന്നിവരാണ് മരിച്ചത്. ഇവിടത്തെ കരാർ തൊഴിലാളികളാണ് ഇവർ. പൊള്ളലേറ്റ പത്തോളം പേരെ അൽ അദാൻ ആശുപത്രിയിലേക്കും ഗുരുതരമായി പൊള്ളലേറ്റവരെ അൽ ബാബ്റ്റൈൻ ബേൺ ഹോസ്പിറ്റലിലേക്കുമാണ് മാറ്റിയത്. തീപിടിത്തത്തിൽ മരിച്ച ഇന്ത്യൻ പൗരന്മാരുടെ മരണത്തിൽ ഇന്ത്യൻ അംബാസഡർ എച്ച്ഇ സിബി ജോർജ് അനുശോചനം രേഖപ്പെടുത്തി. കുവൈത്ത് ഉപപ്രധാനമന്ത്രിയും എണ്ണ-വൈദ്യുതി വകുപ്പ് മന്ത്രിയുമായ ഡോ.മുഹമ്മദ് അബ്ദുല്‍ അലതേഫ് അല്‍-ഫാരിസും ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജും അല്‍ ബാബ്‌ടൈന്‍ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു. അഹമ്മദി റിഫൈനറിയിലെ അഗ്നിബാധയെ കുറിച്ച് പഠിക്കാനും വിലയിരുത്താനും പരിചയസമ്പന്നരും വിദഗ്ധരുമായ ഉന്നതതല അന്വേഷണ സമിതി രൂപീകരിക്കാൻ ഉപപ്രധാന മന്ത്രി മുഹമ്മദ് അൽ ഫാരിസ് നിർദേശം നൽകിയിട്ടുണ്ട്. വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/GhRU3BfvxTa92p8QiTy4H7
Comments (0)