Posted By user Posted On

ഗതാഗതക്കുരുക്ക് രൂക്ഷം: കുവൈത്തില്‍ പ്രവാസികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തും

സ്മാര്‍ട്ട്‌ ലൈസന്‍സിലേക്ക് മാറണം

കുവൈത്ത് സിറ്റി: വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് നിബന്ധനകള്‍ കര്‍ശനമാക്കാന്‍ നീക്കം. ഇതുവഴി ലൈസന്‍സ് ലഭിക്കുന്ന പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനാണ് ലക്ഷ്യമിടുന്നത്. കുറഞ്ഞ ശമ്പളപരിധി, ജോലിയുടെ സ്വഭാവം തുടങ്ങി കുവൈത്തില്‍ പ്രവാസികള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിന് ധാരാളം നിബന്ധനകളുണ്ട്. ഇത്. നിശ്ചിത യോഗ്യതകള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ലൈസന്‍സ് അനുവദിക്കൂ. നിലവില്‍ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് ഡ്രൈവിംഗ് ലൈസന്‍സ് നേടിയവരുടെ ലൈസന്‍സുകള്‍ പിന്‍വലിക്കാൻ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഷൈഖ്‌ ഫൈസൽ അൽ നവാഫ്‌ അൽ സബാഹ്‌ ഉദ്യോഗസ്ഥർക്ക്‌ നിർദ്ദേശം നൽകി.ലൈസന്‍സ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് ലൈസന്‍സ് നേടുകയും പിന്നീട് വ്യവസ്ഥകളില്‍ ആവശ്യപ്പെടുന്ന യോഗ്യതകള്‍ നഷ്ടമാകുന്ന അവസ്ഥയുണ്ടായാലും ലൈസന്‍സ് പിന്‍വലിക്കും. 600 ദിനാര്‍ അടിസ്ഥാന ശമ്പളമുള്ള അംഗീകരിച്ച ജോലിയും  യൂണിവേഴ്സിറ്റി ബിരുദം യോഗ്യതയുമുള്ളവര്‍ക്ക് ലൈസന്‍സ് ലഭിച്ച ശേഷം ഇവയില്‍ ഏതെങ്കിലും നഷ്ടമായാല്‍ ലൈസന്‍സിന്‍റെ സാധുത നഷ്ടമാകും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni

സ്മാര്‍ട്ട്‌ ലൈസന്‍സിലേക്ക് മാറണം:

പഴയ ഡ്രൈവിംഗ്‌ ലൈസൻസ് കൈവശമുള്ളവര്‍ എത്രയും വേഗം  പുതിയ സ്മാർട്ട്‌ ലൈസൻസിലേക്ക്‌ മാറാന്‍ ഗതാഗത വിഭാഗം ആവശ്യപ്പെട്ടു. ഇത് നിര്‍ബന്ധമാക്കിക്കൊണ്ട്‌ സമയപരിധി കൂടി നിശ്ചയിക്കും. ഈ സമയത്ത് നിലവില്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കാനും ലൈസന്‍സുകള്‍ റദ്ദാക്കാനും സാധിക്കും. 2013 ന് മുന്‍പ് ലൈസന്‍സ് നേടിയവര്‍ക്ക് വ്യവസ്ഥകളില്‍ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ പുതിയ തീരുമാനപ്രകാരം ഇതിനു മാറ്റം വരുമോ എന്ന കാര്യം വ്യക്തമല്ല. വിദേശികൾക്ക്‌ ഡ്രൈവിംഗ്‌ ലൈസൻസ്‌ അനുവദിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഷൈഖ്‌ ഫൈസൽ അൽ നവാഫ്‌ വിളിച്ചു ചേര്‍ത്ത മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni

Comments (0)

Leave a Reply

Your email address will not be published. Required fields are marked *