മരിച്ചെന്നു കരുതി ഏഴു മണിക്കൂർ മോർച്ചറി ഫ്രീസറിൽ; എടുത്തപ്പോൾ ജീവൻ
ലക്നൗ∙ മരിച്ചെന്നു കരുതി ഏഴു മണിക്കൂറോളം ഫ്രീസറിൽ സൂക്ഷിച്ചയാൾ ജീവനോടെ തിരികെ. ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലാ ആശുപത്രിയിലാണ് സംഭവം. ശ്രീകേഷ് കുമാർ (40) എന്നയാൾക്കാണ് ഡോക്ടറുടെ അശ്രദ്ധ കാരണം ഏഴു മണിക്കൂർ ഫ്രീസറിൽ കഴിയേണ്ടി വന്നത്.ബൈക്ക് അപകടത്തെ തുടർന്നാണ് വ്യാഴാഴ്ച രാത്രി ശ്രീകേഷിനെ ആശുപത്രിയിൽ എത്തിച്ചത്. പരിശോധിച്ച ഡോക്ടർ ശ്രീകേഷ് മരിച്ചതായി അറിയിച്ചു. ഇതോടെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. ഏഴു മണിക്കൂറുകൾക്ക് ശേഷം പോസ്മോർട്ടത്തിനായി മൃതദേഹം പുറത്തെടുക്കുമ്പോഴാണ് മരിച്ചിട്ടില്ലെന്ന് വ്യക്തമായത്.പോസ്മോർട്ടത്തിനായി ബന്ധുക്കളുടെ കയ്യിൽനിന്നു സമ്മതപത്രവും ആശുപത്രി അധികൃതർ ഒപ്പിട്ടുവാങ്ങിയിരുന്നു. മൃതദേഹം പുറത്തെടുത്തുമ്പോൾ ബന്ധുക്കളാണ് ജീവനുണ്ടെന്ന് കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.ആശുപത്രിയിൽ എത്തിക്കുമ്പോൾ ശ്രീകേഷിന് ഹൃദയമിടിപ്പ് ഇല്ലായിരുന്നെന്നും അതിനാലാണ് മോർച്ചറിയിലേക്ക് മാറ്റിയതെന്നുമാണ് അധികൃതരുടെ വാദം. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് ഡോക്ടർമാർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)